യാത്രക്കാര്‍ 1000ത്തില്‍നിന്ന് 34000ത്തിലേക്ക്; ഇലക്ട്രിക് കരുത്തില്‍ KSRTC സിറ്റിസര്‍വീസ് ലാഭത്തില്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടായിരുന്നു സർവീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവ്വീസുകൾ.
തുടക്കത്തിൽ ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ദിവസേന 34,000ത്തിലധികം യാത്രക്കാർ ദിനംപ്രതി സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിൽ എത്തിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ ഈ വർഷം ഓഗസ്റ്റ് മുതലാണ് 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചിലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചിലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും ഡീസൽ ചിലവ് ഇനത്തിൽ ലാഭിക്കാനായി. നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രമാകും.A

