കാവേരി നദീജല തര്‍ക്കം: തമിഴ്നാട്ടിലും പ്രതിഷേധം; ചത്ത എലിയെ കടിച്ചുപിടിച്ച് കര്‍ഷകര്‍

ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും വ്യാപക പ്രതിഷേധം. കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരായിട്ടാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്. തഞ്ചാവൂരിലെ കര്‍ഷകര്‍ തഞ്ചാവൂര്‍ ജില്ല കലക്ടറുടെ ഓഫീസിന് മുന്നില്‍ ബലിതര്‍പ്പണം നടത്തിയാണ് പ്രതിഷേധിച്ചത്. കൃഷിയിറക്കുന്നതിനായി കാവേരി വെള്ളം ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ തിരുച്ചറപ്പള്ളിയില്‍ ചത്ത എലിയെ കടിച്ചുപിടിച്ചുകൊണ്ടാണ് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിയത്. കര്‍ണ്ണാടയില്‍ നടക്കുന്ന ബന്ദിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ എന്നാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍ പറയുന്നത്. കര്‍ണാടകയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കാവേരി നദീ ജലം നല്‍കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ എലിയെ കടിച്ചുപിടിച്ചുകൊണ്ട് അസാധാരണമായ രീതിയില്‍ പ്രതിഷേധിച്ചത്. തമിഴ്നാട്ടിലെ പലഭാഗങ്ങളിലും പ്രതിഷേധം നടന്നു.

