എം.എൽ.എ. ഫണ്ടിൽനിന്ന് ഒരുകോടി : കുണ്ടംകുഴിയിൽ അത്യാധുനിക സൗകര്യങ്ങളടങ്ങിയ ടർഫ് കോർട്ട് വരുന്നു

പൊയിനാച്ചി: കായികപ്രേമികളുടെ ഇഷ്ടയിടമായ കുണ്ടംകുഴിയിൽ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽ അത്യാധുനിക സൗകര്യമുള്ള കൃത്രിമപ്പുൽ മൈതാനം (ടർഫ് കോർട്ട്) വരുന്നു. കുണ്ടംകുഴി ടൗണിന് വിളിപ്പാടകലെയുള്ള ബേഡഡുക്ക കൃഷിഭവനരികിൽ ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണിത്. പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അറിയിച്ചു. ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലെ യുവജനങ്ങൾക്ക് കലാകായികമത്സരങ്ങളോട്, പ്രത്യേകിച്ച് ഫുട്ബോളിനോട് വളരെയധികം താത്പര്യമുണ്ടെങ്കിലും മികച്ച കളിസ്ഥലത്തിന്റെ അഭാവം മനസ്സിലാക്കിയാണ് തീരുമാനം.
45 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള മൈതാനമാണ് നിർമിക്കുക. വൈദ്യുതീകരണം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം എന്നിവയും ഇതോടൊപ്പമുണ്ടാകും. മൈതാനത്തിന്റെ തുടർപരിപാലനം ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് നടത്താമെന്ന് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്. സാങ്കേതികാനുമതി നൽകി എത്രയും വേഗം പ്രവൃത്തി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. കുണ്ടംകുഴിയിൽ വരുന്ന കൃത്രിമപ്പുൽ മൈതാനത്തിന്റെ മാതൃക

