ജ്വല്ലറിയുടെ ഭിത്തി തുരന്ന് 25 കോടിയോളം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി; ജ്വല്ലറിയുടെ ലോക്കര്‍ മുറിയുടെ ഭിത്തി തുരന്ന് 25 കോടിയോളം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി ലോകേഷ് ശ്രീവാസ്തവ, ശിവ ചന്ദ്രവംശി എന്നിവരേയും മറ്റൊരാളേയുമാണ് ഡല്‍ഹി പോലീസ് ഛത്തീസ്ഗഢില്‍നിന്ന് അറസ്റ്റുചെയ്തത്. ഇവരുടെ കൈയില്‍നിന്ന് വലിയ അളവില്‍ സ്വര്‍ണ്ണം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഛത്തീസ്ഗഢിലും ആന്ധ്രാപ്രദേശിലും പ്രതികള്‍ സമാന രീതിയില്‍ കവര്ച്ചനടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ജങ്പുരയിലെ ഭോഗല്‍ ഏരിയയിലുള്ള ജുവലറിയിൽ കഴിഞ്ഞ ദിവസമാണ് കൊള്ള നടന്നത്. ഉമാറാവു ജ്വല്ലേഴ്സ് എന്ന ആഭരണക്കടയില്‍ അതിക്രമിച്ചുകയറിയ സംഘം 25 കോടിയോളം വിലവരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ടെറസ് വഴിയായിരുന്നു കൊള്ളസംഘം ജ്വല്ലറിയിലേക്കെത്തിയത്. കട സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ കയറിയ മോഷ്ടാക്കള്‍, സി.സി.ടി.വി. ക്യാമറകള്‍ വിച്ഛേദിച്ച ശേഷം ലോക്കര്‍ മുറിയിലേക്കുള്ള ഭിത്തി തുരന്നാണ് കവര്‍ച്ച നടത്തിയത്. ലോക്കറിന് പുറമേ, ഡിസ്പ്ലേയ്ക്കുവെച്ചിരുന്ന ആഭരണങ്ങളും മോഷ്ടിച്ചിരുന്നു.

