കാസർകോട് ജില്ലയിലെ കൊറഗര്‍ക്ക് 2003ല്‍ അനുവദിച്ച 1.80 ലക്ഷം 20 വര്‍ഷമായിട്ടും ചെലവഴിച്ചില്ലെന്ന് ധനകാര്യ റിപ്പോര്‍ട്ട്

കോഴിക്കോട് : കാസര്‍കോട് ജില്ലയിലെ പ്രാക്തന ഗോത്ര വര്‍ഗ വിഭാഗമായ കൊറഗര്‍ക്ക് അനുവദിച്ച 1.80 ലക്ഷം രൂപ 20 വര്‍ഷമായിട്ടും ചെലവഴിച്ചില്ലെന്ന് ധനകാര്യ പരിശോധന റിപ്പോര്‍ട്ട്. ചൂരല്‍, മുള എന്നിവ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും, പരിശീലിപ്പിക്കുന്നതിനും 2003 ലാണ് 1.80 ലക്ഷം രൂപ തുക അനുവദിച്ചത്. കാഞ്ഞങ്ങാട് യാത്ര ടൂറിസം റിസര്‍ച്ച് ആൻഡ് ആക്ഷൻ എന്ന സന്നദ്ധ സംഘടനക്ക് അനുവദിച്ച തുക ചെലവഴിക്കാത്തതിനാല്‍ പലിശ സഹിതം 3.67 ലക്ഷം തിരിച്ചടപ്പിച്ചു. ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തടുങ്ങിയതോടെ 20 വര്‍ഷത്തിനു ശേഷമാണ് പലിശ സഹിതം 3,67,600 രൂപ തിരിച്ചടച്ചത്. ഈ തുക വിനിയോഗിക്കുകയോ, പദ്ധതി നടപ്പാക്കാത്തതിനാല്‍ സര്‍ക്കാരിലേക്ക് യഥാസമയം തിരിച്ചടക്കുകയോ ചെയ്തിരുന്നില്ല. ഇത് യാത്ര ടൂറിസം റിസര്‍ച്ച് ആൻഡ് ആക്ഷൻ എന്ന സംഘടനയുടെ സെക്രട്ടറിയായ കെ.കെ വിജയന്റെയും, കാലാകാലങ്ങളില്‍ മാറി വന്ന കാസര്‍കോട് ജില്ല ട്രൈബല്‍ ഓഫീസര്‍മാരുടെയും ഭാഗത്തു നിന്നും സംഭവിച്ചിട്ടുള്ള വീഴ്ചയാണെന്നും പരിശോധനയില്‍ കണ്ടെത്തി. അതിനാല്‍ യാത്ര ടൂറിസം റിസര്‍ച്ച് ആൻഡ് ആക്ഷൻ എന്ന സംഘടനക്കോ ഇതിന്റെ സെക്രട്ടറിയായ കെ.കെ വിജയനോ ഭാവിയില്‍ ഇത്തരം പദ്ധതികള്‍ (എൻ.ജി.ഒ.കള്‍ വഴി) അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. പദ്ധതികള്‍ നടപ്പാക്കുമ്ബോള്‍ ഉദ്യോഗസ്ഥതലത്തില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് കൂടുതല്‍ ജാഗ്രത കൈക്കൊള്ളേണ്ടതാണെന്നും എല്ലാ ജില്ല ട്രൈബല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കണം. ഭരണവകുപ്പ് അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തമെന്നും ധനകാര്യ വിഭാഗം നിര്‍ദേശം നല്‍കി. ജില്ല രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിച്ചതില്‍ യാത്ര ടൂറിസം റിസര്‍ച്ച് ആൻഡ് ആക്ഷൻ എന്ന സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 230/95 നമ്ബര്‍ രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് ജില്ല സ്ക്വാഡ് കാഞ്ഞങ്ങാട് ഭാഗത്ത് യാത്ര ടൂറിസം റിസര്‍ച്ച് ആൻഡ് ആക്ഷൻ എന്ന സംഘടനയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഘടനക്ക് നിലവില്‍ ഓഫീസ് ഇല്ല. സംഘടനയുടെ സെക്രട്ടറിയായ കെ.കെ.വിജയന്റെ വീട്ടില്‍ ഒരു ഭാഗത്തായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. അന്വേഷണം നടത്തുന്നതിന് സമാന്തരമായി, ഈ തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കാനുള്ള ശ്രമങ്ങള്‍ കാസര്‍കോട് ജില്ല ട്രൈബല്‍ ഓഫീസില്‍ നിന്നും ആരംഭിച്ചിരുന്നു. ആര്‍.ബി.ഐയില്‍ നിന്ന് തുക പലിശ സഹിതം ആകെ 33,67,600 രൂപ തിരികെ ലഭ്യമാക്കി. തുടര്‍ന്ന് 2023 ജൂണ്‍ ഏഴിന് പിൻവലിച്ച് തുക ഇ-ചലാൻ പ്രകാരം കാസര്‍കോട് ജില്ല ട്രഷറിയില്‍ തിരിച്ചടച്ചുവെന്ന് കാസര്‍കോട് ജില്ല ട്രൈബല്‍ ഓഫിസര്‍ അറിയിച്ചു. ആദിവാസി വികസനത്തിന് അനുവദിച്ച് തുകയാണ് 20 വര്‍ഷം കഴിഞ്ഞിട്ടും ചെലഴിക്കാതെ പോയത്.

