കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേ നിര്‍മ്മാണം ഹൈഗിയറില്‍

കാസര്‍കോട്: കാസര്‍കോട് – വയനാട് ഹരിത പവര്‍ ഹൈവേ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും മേഖലയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉപകരിക്കുന്നതാണ് പദ്ധതി. അന്തര്‍ സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കരിന്തളം കയിനിയിലെ 400 കെ.വി സബ് സ്റ്റേഷനില്‍ നിന്ന് മാനന്തവാടി പയ്യമ്ബള്ളിയിലേക്ക് ലൈന്‍ വലിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു.
മലബാറിലെ വൈദ്യുതി വിതരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം കാസര്‍കോട് ജില്ലയിലെ പുനുരുത്പാദന ഊര്‍ജ്ജനിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെ.വി കരിന്തളം പയ്യമ്ബള്ളി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.
കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്, ശ്രീകണ്ഠാപുരം, ഇരിട്ടി, നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്ബള്ളിയിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈന്‍ കടന്നുപോകുന്നു. 436 കോടി രൂപയാണ് പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്. കെ.എസ്.ഇ.ബിയുടെ തനതു ഫണ്ടില്‍ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈന്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടിക്കാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായാണ് ഹരിത പവര്‍ ഹൈവേ. ഏകദേശം 10,000 കോടി രൂപയുടെ ജോലികളാണ് ട്രാന്‍സ്ഗിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നത്. 400 കെവി, 220 കെവി നിലവാരത്തിലുള്ള പ്രസരണ ശൃംഖല കേരളത്തിലുടനീളം സ്ഥാപിച്ച് പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും പുഗളൂര്‍ മാടക്കത്തറ 2000 എച്ച്.വി.ഡി.സി ലൈന്‍ യാഥാര്‍ത്ഥ്യമായതോടെ ലഭ്യമായ വൈദ്യുതിയുടെ പ്രസരണം സുഗമമായി നടത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
സ്‌പെഷല്‍ പാക്കേജ്
പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. പാക്കേജ് സംബന്ധിച്ച് വൈദ്യുത ബോര്‍ഡും സര്‍ക്കാരും തീരുമാനമെടുക്കുന്നതോടെ അര്‍ഹരായവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും സര്‍വ്വകക്ഷിസംഘവും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു.
125 കിലോമീറ്റര്‍ വൈദ്യുതി ലൈന്‍
ആകെ 380 – 400 കെ.വി ടവറുകള്‍.
വയനാട്ടില്‍ 200 എം.വി.എ ട്രാന്‍സ്‌ഫോര്‍മര്‍
180 മെഗാവാട്ട് പവര്‍

