കാസര്‍കോട് കേന്ദ്ര സര്‍വകലാശാല: ഗുജറാത്തിനെ വാഴ്‌ത്തിയയാള്‍ക്കും സ്‌പെഷ്യല്‍ നിയമനം

കാസര്‍കോട്> കേന്ദ്ര സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് എബിവിപി തമിഴ്നാട് മുന്‍ സംസ്ഥാന പ്രസിഡന്റിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി തടഞ്ഞതിനുപിന്നാലെ, കൂടുതല്‍ അനധികൃത നിയമനം പുറത്തുവന്നു. ഗുജറാത്തിലെ ബിജെപി ഭരണമാതൃകയെ വാഴ്ത്തി ഗവേഷണം നടത്തിയ ആളെ മതിയായ യോഗ്യതയില്ലാതെ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ അസോസിയറ്റ് പ്രൊഫസറാക്കിയെന്നാണ് പുതിയ പരാതി. ‘ഗുജറാത്ത് മോഡല്‍ ഓഫ് ഗവേര്‍ണന്‍സ്’ വിഷയത്തില്‍ പഠനം നടത്തിയ ഡോ. ജി ദുര്‍ഗാറാവുവിനാണ് നിയമനം നല്‍കിയത്. യുജിസി ലിസ്റ്റുചെയ്ത പ്രസിദ്ധീകരണങ്ങളില്‍ എട്ട് പ്രബന്ധം വന്നിരിക്കണമെന്ന ചട്ടം ദുര്‍ഗാറാവുവിന് ബാധകമായില്ല.
ഇദ്ദേഹത്തിന് മൂന്നെണ്ണമേയുള്ളൂ. അഭിമുഖ സമയത്ത് പിഎച്ച്‌ഡി അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും ആക്ഷേപമുണ്ട്. 12 വര്‍ഷമായി ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ അസി. പ്രൊഫസറായ ഡോ. സോണി കുഞ്ഞപ്പനും ഈ തസ്തികയില്‍ അഭിമുഖത്തിനുണ്ടായിരുന്നു. ഇവരെ തഴഞ്ഞാണ് നിയമനം നടന്നത്.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് വിഭാഗത്തില്‍ 2015 വരെ അസോസിയറ്റ് പ്രൊഫസറായിരുന്ന ഡോ. ജിതയെ രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കിയെന്നും പരാതിയുണ്ട്. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റായിരുന്ന കെ ജയപ്രസാദിനെ നിയമിക്കാനാണ് ജിതയെ തഴഞ്ഞത്. ജിത ഇപ്പോള്‍ ചെമ്ബഴന്തി കോളേജിലാണ്. മുന്‍ പ്രോ–- വിസിയും ഇപ്പോള്‍ ഡീനുമായ ജയപ്രസാദിന്റെ നിയമനത്തിനെതിരെ ജിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയ്ക്കകത്ത് തീര്‍പ്പാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

