എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടിയുമായി പൊലീസ്; സ്പീക്കർക്ക് കത്ത് നൽകി

തിരുവനന്തപുരം∙ ബലാൽസംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന് പൊലീസ് നടപടി തുടങ്ങി. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിയമസഭ സ്പീക്കർക്ക് കത്തു നൽകി. അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കും. ചൊവ്വാഴ്ച മുതൽ എംഎൽഎ ഒളിവിലെന്നാണ് പൊലിസിന്റെ നിഗമനം.
എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എംഎൽഎ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞശേഷമാവും തുടർ നടപടി. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോവളം പൊലീസ് എൽദോസിനെതിരെ നേരത്തേ കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബുധനാഴ്ച മൊഴിയെടുത്തപ്പോൾ, എംഎൽഎ തന്നെ പലയിടങ്ങളിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചതായി കൂടി യുവതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 376(2)(എൻ) വകുപ്പു കൂടി ഉൾപ്പെടുത്തിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്ലാറ്റ്, പേട്ടയിലെ യുവതിയുടെ വീട് എന്നിവിടങ്ങളിൽ വച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. ആവർത്തിച്ചുള്ള പീഡനക്കുറ്റം കൂടി ചുമത്തി നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

