ശനിയും ഞായറും അവധി വേണം; ബാങ്ക് പ്രവര്‍ത്തനസമയം രാവിലെ അരമണിക്കൂര്‍ കൂട്ടാമെന്ന് സംഘടനകള്‍……

തൃശ്ശൂര്‍: ബാങ്കുകള്‍ക്ക് ശനിയും ഞായറും സമ്പൂര്‍ണ അവധിനല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങളാക്കുന്നതിനെ അനുകൂലിച്ച് ജീവനക്കാരുടെ സംഘടനകള്‍ കത്തുനല്‍കി. നാല് ദേശീയ സംഘടനകളാണ് ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് കത്തുനല്‍കിയത്. പ്രവര്‍ത്തനസമയം കൂട്ടാമെങ്കിലും പണമിടപാടുസമയം പഴയതുപോലെ അഞ്ചരമണിക്കൂറായി നിലനിര്‍ത്തണം. രാജ്യത്ത് നിലവിലുള്ള ബാങ്ക് പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിനോട് വിയോജിപ്പുണ്ട് -കത്തില്‍ പറയുന്നു.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവ ചേര്‍ന്നാണ് കത്തുനല്‍കിയത്. നിലവില്‍ ബാങ്കുകളില്‍ ആറരമണിക്കൂറാണ് പ്രവര്‍ത്തനസമയം. ഇത് ഏഴുമണിക്കൂറാക്കാം. അതോടെ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. രണ്ടാം ശനിയും നാലാം ശനിയും ഇപ്പോള്‍ അവധിയാണ്. രാജ്യത്തുടനീളം ഒരേ പ്രവര്‍ത്തനസമയമാക്കണമെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുന്നോട്ടുവെച്ച ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.

