മോഷ്ടാക്കളെ പിന്തുടർന്ന് ബാഗ് തിരിച്ചുപിടിച്ച് റെയിൽവേ പൊലീസ്

മോഷ്ടാക്കൾ ഉപേക്ഷിച്ച ലാപ് ടോപ് അടങ്ങിയ ബാഗ് കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിൽ വച്ച് യാത്രക്കാരനു കൈമാറുന്നു.
കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.മുഹമ്മദ് ഫൈസൽ, സിവിൽ പൊലീസ് ഓഫിസർ കെ.എൻ. ഹിദായത്തുല്ല എന്നിവർ ഒരു കിലോമീറ്ററിലേറെ പിൻതുടർന്നതോടെ മോഷണ മുതൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു
കാസർകോട് ∙ ട്രെയിൻ യാത്രക്കാരന്റെ ലാംപ് ടോപ് അടങ്ങിയ ബാഗ് കവർന്നു രക്ഷപ്പെടുകയായിരുന്നു മോഷ്ടാക്കൾ പൊലീസ് പിൻ തുടരുന്നത് കണ്ടതോടെ മോഷണ മുതൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരന്റെ ബാഗാണു കവർന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയ സമയത്താ ണ് മംഗളൂരുവിലേക്കു പോവുകയായിരുന്ന ബി 2 കോച്ചിലെ യാത്രക്കാരനായ ചെന്നൈ സ്വദേശിയുടെ ലാപ് ടോപ് ഉൾപ്പെടെ അടങ്ങിയ ബാഗുമായിട്ടാണു മോഷ്ടാക്കൾ കടന്നത്.
ഇതറിഞ്ഞ മറ്റു യാത്രക്കാർ ബഹളം വച്ചതോടെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.മുഹമ്മദ് ഫൈസൽ, സിവിൽ പൊലീസ് ഓഫിസർ കെ.എൻ.ഹിദായത്തുല്ല എന്നിവർ മോഷ്ടാക്കളുടെ പിന്നാലെ ഓടി. റെയിൽവേ ട്രാക്കിലൂടെ നീലേശ്വരം ഭാഗത്തേക്കു ഒരു കിലോമീറ്ററോളം മോഷ്ടാക്കളുടെ പിന്നാലെ പൊലീസും പിന്തുടർന്നതോടെ കള്ളന്മാർ ബാഗ് കാട്ടിലേക്കു വലിച്ചെറിയുകയായിരുന്നു.
കാട്ടിലേക്ക് എറിഞ്ഞ ബാഗ് ടോർച്ചിന്റെ വെളിച്ചത്തിൽ പൊലീസ് കണ്ടെത്തി. വീണ്ടും മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും പിടിക്കാനായില്ല. തുടർന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. ബാഗുമായി ഇറങ്ങിയോടുന്നതിനിടെ ട്രെയിനും പുറപ്പെടിരുന്നു. ബാഗ് കിട്ടിയതോടെ കാസർകോട് റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. ട്രെയിൻ കാസർകോട് എത്തിയതോടെ യാത്രക്കാരനെ അവിടെ ഇറക്കുകയായിരുന്നു.
തുടർന്നു മറ്റൊരു ട്രെയിനിൽ ബാഗുമായി എത്തിയ പൊലീസുകാർ യാത്രക്കാരനു ബാഗ് കൈമാറി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനു തുടർന്നാണു ബാഗ് യാത്രക്കാരനു ലഭിക്കാനായത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്

