ഷിമോഗയില്‍ സവര്‍ക്കറുടെ ഫ്‌ളക്‌സിനെച്ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു, നിരോധനാജ്ഞ

ബംഗളൂരു: വി.ഡി സവര്‍ക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഷിമോഗയിലെ അമീര്‍ അഹ്മദ് നഗറില്‍ ഒരു വിഭാഗം വി.ഡി സവര്‍ക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് സ്ഥാപിച്ചതാണ് തര്‍ക്കങ്ങള്‍ക്കു തുടക്കം. ഇതില്‍ എതിര്‍പ്പുമായി മറ്റൊരു സംഘമെത്തി. ഇവര്‍ ഫള്ക്‌സ് നീക്കം ചെയ്യുകയും സ്ഥാനത്ത് മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ഫളക്‌സ് സ്ഥാപിക്കുകയും ചെയ്തു.
സംഭവം വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇതിനിടയിലാണ് രണ്ടുപേര്‍ക്ക് കുത്തേറ്റത്. തുടര്‍ന്ന് പൊലീസെത്തി ആള്‍ക്കൂട്ടത്തെ പിന്തിരിപ്പിച്ചു. പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നാലില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടി നില്‍ക്കുന്നതിനു വിലക്കുണ്ട്.
തര്‍ക്കസ്ഥലത്ത് ഉദ്യോഗസ്ഥര്‍ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

