ഇരയായ ദലിത് ബാലന്റെ കുടുംബത്തെ പൊലീസ് തല്ലിച്ചതച്ചു; നടപടി വൈകുന്നതില്‍ സ്വന്തം സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ്

തന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് രാജസ്ഥാനില്‍ മേല്‍ജാതി അധ്യാപകന്റെ ക്രൂര മര്‍ദനമേറ്റ് കൊല്ലപ്പെട്ട ദലിത് ബാലന്റെ മാതാപിതാക്കളക്കമുള്ളവരെ പൊലീസ് തല്ലിച്ചതച്ചതായി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത അദ്ദേഹം, തങ്ങള്‍ സംസ്ഥാനം ഭരിക്കുന്നതു കൊണ്ട് ഇത്തരം കൃത്യങ്ങള്‍ക്ക് അംഗീകാരം നല്‍കാനാകില്ലെന്നും വ്യക്തമാക്കി.
സംഭവം വലിയ പ്രതിഷേധത്തിനിടയാക്കുകയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ഒരു എംഎല്‍എ രാജി വയ്ക്കുകയും ചെയ്തിരിക്കെയാണ് മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. ഒരു മാസം മുമ്ബ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഒമ്ബതുവയസുകാരന്‍ കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
“അധ്യാപകനും സ്‌കൂളിനുമെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിലും പ്രധാനമായത് കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ കുടുംബത്തിനും മറ്റുള്ളവര്‍ക്കും നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി എന്നതാണ്”- പൈലറ്റ് പറഞ്ഞു.
“പൊലീസ് ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും മുത്തച്ഛനും സാരമായി പരിക്കേറ്റു. ആ കുടുംബമൊന്നാകെ ഇപ്പോഴും പേടിച്ചിരിക്കുകയാണ്. അവര്‍ക്കാവശ്യമായ എല്ലാ സുരക്ഷയും ഉറപ്പു നല്‍കിയിട്ടുണ്ട്. അപ്പോഴും ആ സമുദായം തന്നെ വലിയ ഭീതിയിലാണ് കഴിയുന്നതെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു”- അദ്ദേഹം വിശദമാക്കി.
കുടുംബത്തിനെതിരെയുള്ള പൊലീസ് അടിച്ചമര്‍ത്തല്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ പരാജയമാണോ എന്ന ചോദ്യത്തിന് “സാഹചര്യങ്ങള്‍ എന്തായിരിക്കുമെന്ന് എനിക്കറിയില്ല, കുറ്റകൃത്യത്തിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതിനെന്തുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് അറിയില്ല”- എന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ മറുപടി.
രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ജൂലൈ 20നായിരുന്നു ക്രൂര സംഭവം. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഈ മാസം 13നാണ് മരിച്ചത്. മര്‍ദനത്തിനൊപ്പം അധ്യാപകന്‍ കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥിയുടെ കുടുംബത്തിന് പരമാവധി വേഗത്തില്‍ നീതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയില്‍ നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പട്ടികജാതി- വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.

