തെരുവുനായശല്യം: കാഞ്ഞങ്ങാട് നഗരസഭ സുപ്രീം കോടതിയിലേക്ക്

കാഞ്ഞങ്ങാട് : തെരുവുനായ്ക്കളെ നിർമാർജനം ചെയ്യാൻ നഗരസഭയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭ സുപ്രീംകോടതിയിൽ ഹർജി നൽകും. ഈ മാസം 28-ന് തെരുവുനായ വിഷയം സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാരിനൊപ്പം കക്ഷിചേർന്നുകൊണ്ടാണ് ഹർജി സമർപ്പിക്കുക. ചെയർപേഴ്‌സൺ കെ.വി.സുജാതയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന നഗരസഭായോഗം അജൻഡ ഏക കണ്ഠേനെ പാസാക്കി. നഗരസഭയുടെ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. എ.അരുൺകുമാർ ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിയമോപദേശം നൽകി. ഇക്കാര്യത്തിൽ സർക്കാരിന്റെ അനുമതി വാങ്ങാനായിരുന്നു നഗരഭരണം തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ അനുമതി ആവശ്യമില്ലെന്നും നേരിട്ട് ഹർജി നൽകാമെന്നുമുള്ള നിയമോപദേശമാണ് നഗരസഭയ്ക്ക് ലഭിച്ചത്. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ രാഷ്ട്രീയഭേദെമന്യ്യേ മുഴുവൻ കൗൺസിലർമാരും തീരുമാനത്തെ സ്വാഗതംചെയ്തു. ആറുമാസമായി തെരുവുനായ ശല്യത്തെക്കുറിച്ച് പറയുന്നുണ്ടെന്നും ഈ നഗരമൊട്ടാകെ ഹോട്ട് സ്‌പോട്ടുകളാണെന്നും പ്രതിപക്ഷകക്ഷി നേതാവ് മുസ്‌ലിം ലീഗിലെ കെ.കെ.ജാഫർ പറഞ്ഞു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ ഇരുവശത്തും തെരുവുനായകളുടെ കേന്ദ്രമാണെന്ന് ബി.ജെ.പി.യിലെ എൻ.അശോക് കുമാറും വന്ധ്യംകരിച്ച ശേഷം നായ്ക്കളെ കൂട്ടത്തോടെ തീരദേശത്ത് കൊണ്ടുതള്ളുകയാണെന്ന് കോൺഗ്രസിലെ കെ.കെ.ബാബുവും വളർത്തുനായ പ്രസവിച്ചാൽ കൂട്ടത്തോടെ പുറംതള്ളുന്നുണ്ടെന്ന് സി.പി.എമ്മിലെ രവീന്ദ്രൻ പുതുക്കൈയും പറഞ്ഞു.

