ശ്വാസകോശ കാൻസർ കൂടുന്നു; വേണം, പഠനങ്ങൾ : ശ്വാസകോശരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം സമാപിച്ചു……

കണ്ണൂർ : പുകവലിശീലം കുറയുന്നുണ്ടെങ്കിലും ശ്വാസകോശ കാൻസർ കൂടുന്നതായി ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം. പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ രണ്ടാമതും ഏറ്റവും കൂടുതൽ കാണുന്ന കാൻസർ ശ്വാസകോശത്തിലാണ്. ഇത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാൻ വിശദമായ പഠനങ്ങൾ ആവശ്യമാണ് – ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ശ്വാസകോശ കാൻസർ കണ്ടുപിടിക്കുന്നത് പലപ്പോഴും അവസാനഘട്ടത്തിലാണ്. നാലാംസ്റ്റേജിൽ ആയതുകൊണ്ട് ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. മരണനിരക്ക് ഉയരുന്നു. പലപ്പോഴും പാലിയേറ്റീവ് ചികിത്സകൾ മാത്രം ആശ്വാസമാകുന്ന അവസ്ഥയിൽ ആണ് രോഗം കണ്ടുപിടിക്കുന്നതുതന്നെ. ശ്വാസകോശ കാൻസർ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ കൂട്ടായ ഗവേഷണങ്ങളിലൂടെ സാധ്യമാകുമെന്നും സമ്മേളനം വിലയിരുത്തി

