അന്തസ് കെടുത്തിയാല്‍ പുറത്താക്കുമെന്ന് ഭീഷണി; പരിധിവിട്ട പോരാട്ടം പുതിയതലത്തിലേക്ക്

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരുമായുള്ള പോരിലേയ്ക്ക് എണ്ണ കോരി ഒഴിക്കുകയായിരുന്നു സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടുള്ള പുതിയ ട്വീറ്റിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. സര്‍വകലാശാല വിഷത്തിലടക്കം സര്‍ക്കാരുമായി തുറന്ന പോരിന് തയ്യാറായതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ നടപടികളില്‍ തനിക്കുള്ള നീരസം പലവട്ടം തുറന്ന് പറഞ്ഞിട്ടുമുണ്ട് ഗവര്‍ണര്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ മടക്കി. പിന്നീട് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകളില്‍ അത് പരിഹിക്കുകയാണ് പതിവ്. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും പിന്നീട് മയപ്പെടുകയും ചെയ്യുന്ന ഗവര്‍ണറുടെ ഈ നിലപാടിനെ പ്രതിപക്ഷം പലപ്പോഴും പരിഹസിച്ചിട്ടുമുണ്ട്. എന്തിന് ബി.ജെ.പി പോലും ഒരുഘട്ടത്തില്‍ അവരുടെ വിയോജിപ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍, രാഷ്ട്രീയും ഭരണപരവുമായ വിവിധ വിഷയങ്ങളെച്ചൊല്ലി തമ്മില്‍ കലഹിച്ച ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് പരസ്യമായി പുറത്തുവന്നത് അദ്ദേഹം സര്‍ക്കാരിനെതിരേ പത്രസമ്മേളനം വിളിച്ചതോടെയാണ്. പത്രസമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അവുന്നത് ശ്രമിച്ചെങ്കിലും അനുയനനീക്കങ്ങള്‍ ഒന്നും ഫലംകണ്ടില്ല. ചീഫ് സെക്രട്ടറി വി.പി. ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ടു കണ്ടെങ്കിലും പിന്മാറാന് അദ്ദേഹം ഒരുക്കമായിരുന്നില്ല. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഇടഞ്ഞു ഗവര്‍ണറുടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ തുറന്നയുദ്ധപ്രഖ്യാപനമായിരുന്നു രാജ്ഭവനില്‍ അസാധാരണമായി വിളിച്ചുചേര്‍ത്ത ആ പത്രസമ്മേളനം.

