മനുഷ്യമാംസം വില്‍ക്കാം, 20 ലക്ഷം വരെ കിട്ടും; ഷാഫി കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചു

കൊച്ചി: മനുഷ്യമാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഇലന്തൂര്‍ ഇരട്ട നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. മനുഷ്യമാംസം വിറ്റാല്‍ ഇരുപത് ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില കിട്ടുമെന്ന് ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചു.
കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍നിന്ന് ആളുവരുമെന്നായിരുന്നു ഷാഫി ഇരുവരോടും പറഞ്ഞത്. ഇതിനായി പത്ത് കിലോഗ്രാം മനുഷ്യമാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. എന്നാല്‍ മാംസം വാങ്ങാന്‍ ആളുവരില്ലെന്നു പറഞ്ഞ് പിന്നീടത് കുഴിച്ചിട്ടു. കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിങ്ങിനെ ബ്ലാക്മെയില്‍ ചെയ്യാനും ഷാഫി പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവരില്‍നിന്ന് പലപ്പോഴായി ആറ് ലക്ഷം രൂപ ഷാഫി വാങ്ങിയെടുത്തു. ഈ പണം ഇവര്‍ തിരിച്ചു ചോദിച്ചതോടെയാണ് നരബലിക്ക് പദ്ധതിയിട്ടത്. അതില്‍ ഇരുവരെയും പങ്കാളിയാക്കിയാല്‍ കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും കരുതി.
റോസ്ലിനെ കൊന്നത് അതിനിഷ്ഠുരമായി
മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കാലടി സ്വദേശിനി റോസ്ലിനെ കൊലപ്പെടുത്തിയത് അതി നിഷ്ഠുരമായിട്ടെന്ന് പോലീസ് കണ്ടെത്തല്‍. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി. ദേഹമാസകലം കത്തിക്ക് വരയുകയും മുറിവുകളില്‍ മസാല തേയ്ക്കുകയും ചെയ്തു. മാറിടങ്ങള്‍ മുറിച്ചെടുത്ത ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരയെ എത്രമാത്രം വേദനിപ്പിക്കുന്നുവോ നരബലിക്ക് അത്രയും ഫലം കൂടുമെന്നായിരുന്നു ഷാഫി മറ്റ് രണ്ട് പ്രതികളെയും വിശ്വസിപ്പിച്ചത്.
പത്മയുടെ പണയംവെച്ച സ്വര്‍ണം കണ്ടെടുത്തു
നരബലിക്കേസില്‍ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയില്‍ വിവിധയിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തു. നരബലിക്ക് ഇരയാക്കിയ പത്മയുടെ സ്വര്‍ണം പണയം വെച്ച കൊച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഷാഫിയുമായി തെളിവെടുപ്പ് നടത്തി. പത്മയുടെ മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഷാഫി ചിറ്റൂര്‍ റോഡിലെ സ്ഥാപനത്തില്‍ പണയംവെച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഷാഫി വാങ്ങിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഷാഫിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പോലീസ് ഇയാളെ ഇവിടെ എത്തിച്ചത്. ഷാഫിയെ കാണാന്‍ വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു. സ്വര്‍ണം പണയം വെച്ച രസീത് ഷാഫിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തിരുന്നു.

