മാങ്ങാക്കള്ളന് പൊലീസ് രക്ഷപ്പെട്ടു, കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതിയുടെ അനുമതി, തുടര്‍ നടപടികളും അവസാനിപ്പിച്ചു

കാഞ്ഞിരപ്പള്ളി: മൊത്തവ്യാപാര കടയില്‍ നിന്ന് പൊലീസുകാരന് മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പാക്കി. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ തുടര്‍നടപടികളും അവസാനിപ്പിച്ചിട്ടുണ്ട്.
മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാല്‍ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്നത് ഗൗരവകരമാണ്. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൊലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി പ്രതിക്ക് അനുകൂലമായ വിധി പുറത്തിറക്കിയത്.
ഇടുക്കി എആര്‍ ക്യാമ്ബിലെ സിപിഒ പി.വി.ഷിഹാബിന് എതിരെയാണ് മാങ്ങ മോഷണക്കേസില്‍ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ മുപ്പതിന് പുലര്‍ച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞുപോകുന്നതിനിടെ ഇയാള്‍ കാഞ്ഞിരപ്പള്ളി ടൗണിലെ കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ചത്.
മാങ്ങ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകുന്നത് സി സി ടി വിയില്‍ പതിഞ്ഞിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആദ്യംതന്നെ പൊലീസ് ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അതിനുകഴിഞ്ഞില്ല. തുടര്‍ന്ന് മോഷണക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ സസ്പെന്‍ഡ് ചെയ്തു. ഷിഹാബ് ഒളിവില്‍പ്പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ അറസ്റ്റുചെയ്യാത്തതിനെതിരെ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

