സാങ്കേതിക സര്‍വകലാശാല: സുപ്രീംകോടതി വിധി അനധികൃത നിയമനങ്ങള്‍ക്കെല്ലാം തിരിച്ചടിയാകും – സുരേന്ദ്രന്‍

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമനം യു.ജി.സി. ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയത് സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കെല്ലാം തിരിച്ചടിയാവും. മറ്റ് സര്‍വകലാശാലകള്‍ക്കും ഈ വിധി ബാധകമാവും. കണ്ണൂര്‍ വി.സി.ക്കും ഇതേഗതി വരുമെന്നും കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യു.ജി.സി. ചട്ടമനുസരിച്ച് വൈസ് ചാന്‍സലറെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് ഒരു പാനല്‍ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നല്‍കിയതെന്ന് കോടതിക്ക് ബോധ്യമായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സര്‍ക്കാര്‍ വി.സി.യാക്കിയത്. ഗവര്‍ണറാണ് ശരിയെന്ന് എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

