കണ്ണൂർ പാനൂരിലെ യുവതിയുടെ കൊല; കഴുത്ത് അറ്റുതൂങ്ങിയ നിലയില്‍, അരുംകൊലയില്‍ നടുങ്ങി പാനൂര്‍; മൃതദേഹം ആദ്യം കണ്ടത് ബന്ധുവായ സ്ത്രീ

കണ്ണൂര്‍: പാനൂര്‍ വള്ള്യായിലെ യുവതിയുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. അതിദാരുണമായ രീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. കൈകളിലടക്കം മാരകമായി മുറിവേറ്റിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ചൊന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്ന് സമീപവാസിയും ബന്ധുവുമായ വിജയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘സംഭവസമയം വിഷ്ണുപ്രിയയുടെ അമ്മ അടക്കമുള്ളവര്‍ അടുത്തിടെ മരണം നടന്ന സമീപത്തെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെ എത്തിയ ബന്ധുവായ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഏകദേശം അറ്റുപോയനിലയിലായിരുന്നു. അയല്‍ക്കാരില്‍ ചിലരാണ് തൊപ്പിവെച്ച ഒരാളെ ഈ സമയത്ത് കണ്ടതെന്ന മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ദാരുണമായരീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. തൊപ്പിയും മാസ്‌കും ടീഷര്‍ട്ടും ധരിച്ചയാള്‍ തൊട്ടടുത്ത റോഡിലുണ്ടായിരുന്നതായി ചിലര്‍ പറഞ്ഞിട്ടുണ്ടെന്നും ഇയാള്‍ പിടിയിലായെന്ന് ചില സൂചനകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

