‘നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനും’; രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി? ഗവര്‍ണറുടെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനാണ് ഗവര്‍ണര്‍. താനാണ് മന്ത്രിമാരെ നിയമിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുള്ളവര്‍ ഭരിക്കുന്നതുകൊണ്ടാണ് ആളുകള്‍ പുറത്തേക്ക് പോകുന്നത്. ഗവര്‍ണറുടെ നടപടികള്‍ പരിശോധിക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താന്‍ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ട്. എല്ലാ സാഹചര്യത്തിലും ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമില്ല. യു.പിയില്‍നിന്ന് വന്ന ഒരാള്‍ക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്. മദ്യ വില്പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി വായിച്ച ഗവര്‍ണര്‍ വി.സി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രിംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റപ്പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വി.സിമാരുടെ ഭാവിയില്‍ ആശങ്ക നിലനില്‍ക്കെയാണ് ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

