ദീപാവലിക്ക് ഹരിത പടക്കം മാത്രം; അനുമതി രണ്ട് മണിക്കൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂ.ദീപാവലി ആഘോഷങ്ങളില്‍ രാത്രി എട്ട് മുതല്‍ 10 വരെ മാത്രം പടക്കം പൊട്ടിക്കാനാണ് അനുമതി.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സമയ നിയന്ത്രണം ഉറപ്പാക്കാനും ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് പടക്കം പൊട്ടിക്കാന്‍ അനുമതി.
ഡല്‍ഹിയടക്കമുള്ള മറ്റു ചില സംസ്ഥാനങ്ങളും മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നവയും അപകടങ്ങള്‍ കുറവുള്ളതുമാണ് ഹരിത പടക്കങ്ങള്‍.
സാധാരണ പടക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാര്‍ബണ്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കുന്നില്ല. ഇവ സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം കുറവ് മലിനീകരണമേ ഉണ്ടാക്കൂ എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
സാധാരണ പടക്കങ്ങള്‍ പൊട്ടുമ്ബോള്‍ 160 ഡെസിബെല്‍ ശബ്ദം ഉണ്ടാകുമെങ്കില്‍ ഹരിത പടക്കങ്ങള്‍ക്ക് 110 ഡെസിബെല്‍ ശബ്ദം മാത്രമേ ഉണ്ടാകൂ. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലാണ് ആണ് ഇവ നിര്‍മിക്കുന്നത്.

