നിയമാനുസൃതമായ കൊളള, സംഘടിതമായ കവര്‍ച്ച’ ; ആസ്തി വില്‍പ്പനയ്ക്കെതിരേ കോണ്‍ഗ്രസ്

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിക്കെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ്. നിയമാനുസൃതവുമായ കൊള്ള, സംഘടിതമായ കവർച്ച എന്നാണ് പദ്ധതിയെ കോൺഗ്രസ് വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ ‘സുഹൃത്തുക്കൾക്ക് നൽകുകയാണ്. ആദ്യം ഡിമോണിറ്റൈസേഷൻ ദുരന്തം, ഇപ്പോൾ മോണിറ്റൈസേഷൻ മേള. ഇതിനെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പണ്ട് സംഘടിതവും നിയമാനുസൃതവുമായ കൊള്ള എന്ന് വിശേഷിപ്പിച്ചത്’ കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. രാജ്യം സ്വാശ്രയത്വം നേടുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും കോടീശ്വരന്മാരേയാണ് അവർ ആശ്രയിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധിയും ആരോപിച്ചു. രാജ്യത്തെ ബിജെപി സർക്കാർ സ്വത്തുക്കൾ കാത്തുസംരക്ഷിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും വിമർശിച്ചു. റോഡുകൾ, റെയിൽ, ഖനികൾ, ടെലികോം, വൈദ്യുതി, ഗ്യാസ്, എയർപോർട്ടുകൾ, തുറമുഖങ്ങൾ, സ്പോർട്സ് സ്റ്റേഡിയം.. എല്ലാം മോദി ജി വിൽക്കും. രാജ്യത്തെ സ്വത്തുക്കൾ അവർ സംരക്ഷിക്കില്ല. രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. നാല് വർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികൾ വിറ്റഴിക്കുന്നതാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രധനമന്ത്രി നിർമല സീതാരാമനാണ് പദ്ധതി പ്രഖ്യാപിച്ചത്.

