ഗവര്‍ണറുടെ അന്ത്യശാസനത്തെ എതിര്‍ത്ത് വി.സിമാര്‍ ഹൈക്കോടതിയിലേക്ക്; നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: ഗവര്‍ണറുടെ അന്ത്യശാസനത്തെ എതിര്‍ത്ത് സര്‍വ്വകലാശാല വി.സിമാര്‍ ഹൈക്കോടതിയെ സമീപിക്കും. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. വി.സിമാര്‍ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച് നടത്തും. ഇന്ന് കൊച്ചിലാണ് നിയമവിദഗ്ധരുമായുള്ള കൂടിക്കാഴ്ച.
കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ വി.സിമാരാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചേരുക. ഇവരുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍മാരെല്ലാം കൊച്ചിയിലാണുള്ളത്. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഗവര്‍ണറുടെ അസാധാരണ നടപടിയെ എതിര്‍ത്ത് വി.സിമാര്‍ ഹൈക്കോടതിയെ സമീപിക്കുക. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല വി.സി എം.കെ ജയരാജന്‍, കേരള സര്‍വകലാശാല വി.സി വി.പി മഹാദേവന്‍ പിള്ള എന്നിവരാണ് നിലവില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന നല്‍കിയിരിക്കുന്നത്. എ.ജിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയില്ലെന്നാണ് എ.ജിയുടെ വിശദീകരണം. പക്ഷേ ദീപാവലി ആയതിനാല്‍ ഹൈക്കോടതി അവധിയായത് വി.സിമാര്‍ക്ക് തിരിച്ചടിയായേക്കും. സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍മാര്‍ വഴി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനാകും വി.സിമാരുടെ തീരുമാനം.
സംസ്ഥാനത്തെ ഒമ്ബത് സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുമ്ബ് ഒമ്ബത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യം. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്ബ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റിക്ക് മുന്നില്‍ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒമ്ബത് സവര്‍വകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരാട്ടത്തിന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്ഭവന്‍ ധര്‍ണ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതവും അസാധാരണവുമായ കടുത്ത നീക്കവുമായി ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഗവര്‍ണര്‍ക്ക് കീഴടങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

