പയസ്വിനിപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ നീന്തിക്കയറി കാട്ടാനക്കൂട്ടം; നാട്ടുകാർ നോക്കിനിൽക്കെ ‘സാഹസം’

അഡൂർ ∙ പയസ്വിനിപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ നീന്തിക്കടന്ന് കാട്ടാനക്കൂട്ടം. ഒരു കുട്ടിയുൾപ്പെടെ ആറാനകളുള്ള കൂട്ടമാണ് പാണ്ടിയിൽ നിന്ന് ഇന്നലെ രാവിലെ പുഴ നീന്തിക്കടന്ന് കാറഡുക്ക കുക്കംകൈയിലെത്തിയത്.നാട്ടുകാർ നോക്കിനിൽക്കെയിരുന്നു ആനക്കൂട്ടത്തിന്റെ ‘സാഹസം’. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നിരുന്നു. ഒഴുക്കും കൂടി. അതുകൊണ്ടു തന്നെ ആനക്കൂട്ടം കാറഡുക്ക ഭാഗത്തേക്കു കടക്കില്ലെന്ന വിശ്വാസത്തിലായിരുന്നു വനംവകുപ്പ്.
കൊമ്പനായിരുന്നു മുന്നിൽ. ഏറ്റവും പിറകിലായി കുട്ടിയാനയും. ഒഴുക്കിൽ കുട്ടിയാനയ്ക്ക് ഇടയ്ക്ക് അടി തെറ്റിയപ്പോൾ, മറ്റ് ആനകൾ തുമ്പിക്കൈ കൊണ്ട് താങ്ങൊരുക്കി. നാട്ടുകാർ പകർത്തിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലായി ഉള്ള 2 ആനകളെ തുരത്താൻ വനംവകുപ്പ് തടസ്സമായി പറയുന്നത് പുഴയിലെ ഉയർന്ന ജലനിരപ്പാണ്.

