ഗവര്‍ണര്‍ ജുഡീഷ്യറിയെയും അപമാനിക്കുന്നു , സര്‍വകലാശാലാ ഭരണം അസ്ഥിരപ്പെടുത്താന്‍ നീക്കം : മുഖ്യമന്ത്രി

പാലക്കാട് : ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ മോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റ ഭരണപരമായ ഒരു കാര്യത്തിലും ചാന്‍സലര്‍ക്ക് ഇടപെടാനാവില്ല. സുപ്രീംകോടതിവിധിയുടെ പേരില്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്ന ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയില്‍ ജുഡീഷ്യറിയേയും അപമാനിക്കുകയാണ്. ഉത്തരം താങ്ങുന്നത് താനാണ് എന്ന് കരുതരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെടിയു വൈസ് ചാന്‍സലര്‍ക്ക് അക്കാദമിക് യോഗ്യതയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. നടപടിക്രമം സംബന്ധിച്ച പ്രശ്നമാണ് ചൂണ്ടിക്കാണിച്ചത്. വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഇനിയും അവസരവുമുണ്ട്. എന്നാല്‍, സംസ്ഥാനത്തെ സര്‍വകലാശാലാ ഭരണമാകെ അസ്ഥിരപ്പെടുത്താന്‍ ഈ സാഹചര്യം ഉപയോഗിക്കുകയാണ് ചാന്‍സലറായ ഗവര്‍ണര്‍. ഒമ്ബത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെങ്കില്‍ പ്രാഥമിക ഉത്തരവാദിത്വം ഗവര്‍ണര്‍ക്കാണ്.
യൂണിവേഴ്സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയില്ല. സര്‍വകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. പ്രത്യേകവിഷയത്തില്‍ സുപ്രീംകോടതി എടുത്ത തീര്‍പ്പ് എല്ലാ സര്‍വകലാശാലകളിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ അധികാരങ്ങള്‍ സ്വയം കൈയാളാനുള്ള ശ്രമമാണ്. ചാന്‍സലര്‍ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാന്‍സലര്‍ക്കില്ല. നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിക്കുന്നതായും – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍
മാര്‍ക്കിടേണ്ട
മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാര്‍ക്കിടാന്‍ ഗവര്‍ണര്‍മാര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു വൈസ് ചാന്‍സലറുടെ ശാസ്ത്രമേഖലയിലെ ഭാഷാപരിജ്ഞാനത്തെ ഗവര്‍ണര്‍ രൂക്ഷമായി പരിഹസിച്ചു. മറ്റൊരു വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിളിച്ചു. അറിയപ്പെടുന്ന രാജ്യം ആദരിക്കുന്ന അക്കാദമിക് പണ്ഡിതനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചു. അങ്ങനെയുള്ള മഹനീയവ്യക്തിത്വം മന്ത്രിമാരെയും അധിക്ഷേപിക്കാന്‍ മടിക്കില്ല. അതില്‍ ആശ്ചര്യമൊന്നുമില്ല. എന്നാല്‍, ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത് എന്നതിനാല്‍ ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കു മുകളില്‍ തനിക്കുള്ള ‘പ്രീതി’ പിന്‍വലിക്കും എന്നു പറഞ്ഞ് ഗവര്‍ണറുടെ പിആര്‍ഒ ട്വീറ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഗവര്‍ണര്‍ മന്ത്രിമാരെ ക്യാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയിലാണ്. നിയമസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമുള്ള കക്ഷിയാണ് അധികാരത്തിലിരിക്കുക. ഇവരുടെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ രാജി നല്‍കുന്നതും മുഖ്യമന്ത്രിക്കുതന്നെ. ഇത്തരം രാജി ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരങ്ങളില്ല. ട്വീറ്റിനെച്ചൊല്ലി വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘പ്രീതി’ പിന്‍വലിച്ചാലും മന്ത്രിമാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് പ്രസ്താവനയിറക്കി. ഇത് ‘പ്രീതി’ തത്വം എന്താണെന്നതിനെക്കുറിച്ചുള്ള സാമാന്യധാരണയ്ക്കുപോലും അനുസൃതമല്ലെന്നും അദ്ദേഹം പറഞ്ഞു.

