‘മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം’; ഗവര്‍ണര്‍ക്കെതിരെ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഗവര്‍ണറുടെ മാനസികാരോഗ്യം വിദഗ്ധ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാല്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചത്. നിലവിലെ സര്‍ക്കാരിനെതിരായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിത്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും പല വിഷയങ്ങളിലും സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഉള്ളത് ഒരേ നിലപാടാണെന്നും സതീശന് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ലെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ ഗവര്‍ണറുടെ ആവശ്യം തള്ളണമെന്നും പ്രതിപക്ഷ നേതാവ് ദില്ലിയില്‍ പറഞ്ഞു.
‘ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടല്‍’; സര്‍ക്കാരിനെ രക്ഷിക്കാന്‍ ഒത്തുകളിയെന്ന് വി ഡി സതീശന്
ഗവര്‍ണര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കാനം രാജേന്ദ്രന് വിമര്‍ശിച്ചു. ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ പരിഹാസ്യനാവുകയാണെന്ന് വി ടി ബല്‍റാം പ്രതികരിച്ചു.

