സർക്കാർ ഗവർണർ പോര് രൂക്ഷം; മുഖ്യമന്ത്രിയും ഗവർണറും ഡൽഹിയിൽ

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി ഗവർണർ–സർക്കാർ പ്രശ്നം വിശദമായി ചർച്ച ചെയ്തേക്കും. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഗവർണർ ഡൽഹിയിലേക്ക് പുറപ്പെട്ടത്. കേന്ദ്ര സർക്കാരുമായും നിയമ വിദഗ്ധരുമായും ആശയ വിനിമയം നടത്തുന്ന ഗവർണർ മാധ്യമങ്ങൾ വഴി ശക്തമായ വിമർശനം തുടർന്നേക്കും. തുടർന്നാവും വൈസ് ചാൻസലർ (വിസി) പ്രശ്നത്തിലെ നടപടികൾ.
കേരള രാഷ്ട്രീയത്തില്‍ ബിജെപി കയ്യാളേണ്ട ഇടത്തിൽ ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് കളം പിടിക്കുകയാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ബിജെപി ശക്തമായ ആരോപണങ്ങളോ പ്രക്ഷോഭമോ സർക്കാരിനെതിരെ ഉയർത്തിയിട്ടില്ല. സർവകലാശാലകൾ സംബന്ധിച്ച പ്രശ്നത്തിലും ബിജെപി നേതൃത്വമോ പോഷക സംഘടനകളോ ശക്തമായ ഇടപെടൽ നടത്തിയില്ല. ഈ ഇടത്തിലേക്കാണ് ആരിഫ് മുഹമ്മദ് ഖാൻ കടന്നുവന്ന് നിരന്തരമായി സർക്കാരിനെ മുൾമുനയിൽ നിർത്തുന്നത്.
ആർഎസ്എസിന്റെ താൽപര്യം ഇതിനു പുറകിലുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രതിപക്ഷവും ഇതേ അഭിപ്രായം പങ്കിടുന്നു. ഗവർണർ എന്ന അധികാരസ്ഥാനം മുഖ്യമന്ത്രിക്ക് തുല്യമെന്നോ മുകളിലെന്നോ ഉള്ള നിലയിലേക്ക് മാറി കഴിഞ്ഞു. സർക്കാരിനെ നിരന്തരമായും ഇടയ്ക്കിടെ പ്രതിപക്ഷത്തെയും വിമർശിക്കുന്ന രീതിയിലേക്ക് ഗവർണറെ മാറ്റിയതിൽ രാജ്ഭവനിൽ ഇടയ്ക്ക് നിയമിതനായ ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്.

