KSDLIVENEWS

Real news for everyone

നൂറാംദിന പ്രതിഷേധം കടുപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍; വിഴിഞ്ഞത്ത് വന്‍ പൊലീസ് സന്നാഹം

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം നൂറാം ദിവസത്തേക്ക്. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്ന് കടലിലും കരയിലും പ്രതിഷേധം സംഘടിപ്പിക്കും.

ജൂലൈ 20നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പിന്നാലെ ആഗസ്ത് 16ന് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടി. തുറമുഖ നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ കാണാത്ത സമരരീതിയാണ് പിന്നീട് കണ്ടത്.

പ്രതിഷേധക്കാര്‍ പലതവണ തുറമുഖ കവാടത്തിന്റെ പൂട്ട് പൊളിച്ച്‌ പദ്ധതി പ്രദേശത്ത് കടന്നുകയറി കൊടിനാട്ടി. അതീവ സുരക്ഷാ മേഖലയെന്ന് പ്രഖ്യാപിച്ച സ്ഥലത്ത് പോലും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. കടലും കരയും പ്രതിഷേധത്തിന് വേദിയാക്കി. ആ സമരമാണ് ഇന്ന് നൂറാം ദിനത്തില്‍ എത്തി നില്‍ക്കുന്നത്.

ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളില്‍ ഒന്നിലും പരിഹാരമായില്ലെന്നാണ് സമരസമിതി പറയുന്നത്. സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്നു. നാലുതവണയാണ് മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച നടത്തിയത്. ഒരു തവണ മുഖ്യമന്ത്രിയുമായും ലത്തീന്‍ അതിരൂപതാ പ്രതിനിധികളും സമരസമിതി നേതാക്കളും ചര്‍ച്ച നടത്തി.

സര്‍ക്കാറിന് നിഷേധാത്മക നിലപാടാണെന്നാണ് സമരസമിതിയുടെ പക്ഷം. സമരത്തിനെതിരെ അദാനി ഹൈക്കോടതിയെ സമീപിച്ചപ്പോഴും മല്‍സ്യത്തൊഴിലാളികള്‍ പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള കോടതി ഉത്തരവ് പാലിക്കാനും പ്രതിഷേധക്കാര്‍ തയ്യാറായില്ല. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീന്‍ അതിരൂപതയുടെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!