ഗ്രൂപ്പിൽ പോർവിളിയും തെറിവിളിയും; ഉന്നതരെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ

കാസർകോട് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടർമാരെയും രാഷ്ട്രീയ പ്രവർത്തകരെയും ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുന്നംകുളം മരത്തൻക്കോട് സ്വദേശി കെ.എം.ഹബീബ് റഹ്മാനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ മാർലി എന്ന വിളിപ്പേരുള്ള ഇയാൾ വ്യാജ നമ്പറുകൾ ഉപയോഗിച്ച് വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഒട്ടേറെ വിദ്യാർഥികളെയും യുവാക്കളെയും അംഗമാക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും
ഗ്രൂപ്പിൽ പോർവിളികളും തെറിവിളികളും നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എംഎൽഎയും എംപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെയും കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിദേശത്തു നിന്ന് വിളിച്ച് അസഭ്യ ഭാഷയിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ മൊബൈൽ നമ്പറിൽ നിന്നാണ് ഇത്തരം കോളുകൾ വിളിച്ചിരുന്നത്.
ഇവ റെക്കോർഡ് ചെയ്ത് എതിരാളികൾക്ക് അയച്ചുകൊടുത്തും ഭീഷണിപ്പെടുത്തിയിരുന്നു. സൈബർ പൊലീസിനു തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്നു പ്രതി വാട്സാപ് ഗ്രൂപ്പുകളിലും യുട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഇയാളുടെ നീക്കം നിരീക്ഷിച്ച സൈബർ പൊലീസ് നാട്ടിൽ എത്തുന്ന വിവരം മനസ്സിലാക്കി പിടിക്കുകയായിരുന്നു. ഇയാൾ ഇന്ത്യൻ നമ്പർ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല.

