കനത്ത മഴ കാസര്‍കോട്ട് മൂന്നിടത്ത് ഉരുള്‍പൊട്ടി

കാസര്‍കോട്: കനത്ത മഴയില്‍ മുളിയാര്‍, മുന്നാട്, ബേഡഡുക്ക വില്ലേജുകളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്ന് വീടുകള്‍ക്ക് നാശം .ഈ പ്രദേശങ്ങളില്‍ കനത്ത കൃഷി നാശവുമുണ്ടായി. കുറ്റിക്കോലില്‍ മണ്ണൊലിപ്പില്‍ വീടിന്റെ സംരക്ഷണ മതില്‍ തകര്‍ന്നു. മുളിയാര്‍ മഞ്ചക്കല്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാതഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
പട്‌ള വില്ലേജിലെ മൊഗറില്‍ മധുവാഹിനിപുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മുളിയാര്‍ പാത്തനടുക്കം കടപ്പങ്കല്ലില്‍ സാവിത്രിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു.
കാനത്തൂരില്‍ മോഹനന്‍, മുരളി എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. മുളിയാര്‍ വില്ലേജിലെ പാണൂരിലുണ്ടായ മണ്ണിടിച്ചിലില്‍ തോട്ടത്തുമൂല റോഡ് തകര്‍ന്നു. മുന്നാട് വില്ലേജിലെ ഒളയത്തടുക്ക, വട്ടംതട്ട പനക്കുളം എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയില്‍ ആകെ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഞ്ചേശ്വരം താലൂക്കിലെ ബായറില്‍ 12.5 മില്ലീമിറ്ററും കാസര്‍കോട് താലൂക്കിലെ മുളിയാറില്‍ 96.5 മില്ലീമീറ്ററും കുഡ്ലുവില്‍ 30 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഹോസ്ദുര്‍ഗ് താലൂക്കിലെ പടന്നക്കാട് 35 മില്ലീമീറ്ററും മടിക്കൈയില്‍ 29.5 മില്ലീമീറ്ററും പിലിക്കോട് 18 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

